തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദത്തിന്റെയും സ്വാധീനത്തിൽ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ അറിയിപ്പ് പ്രകാരം വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, പാലക്കാട്, വയനാട് തുടങ്ങി വടക്കൻ-മധ്യ കേരളത്തിലെ ജില്ലകളിലാണ് വരും ദിവസങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രിയോടെ മലപ്പുറം, പാലക്കാട്, കോഴിക്കോടടക്കമുള്ള ജില്ലകളിൽ മിന്നലോട് കൂടിയ കനത്ത മഴ ലഭിച്ചിരുന്നു.

കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മോശം കാലാവസ്ഥയും ഉയർന്ന തിരമാലകളും പ്രതീക്ഷിക്കുന്നതിനാൽ കടലിൽ പോകുന്നതിൽ നിന്നും മത്സ്യത്തൊഴിലാളികൾ പൂർണ്ണമായും വിട്ടുനിൽക്കണമെന്ന് അധികൃതർ നിർദേശിച്ചു.